Wednesday, May 16, 2012

ഒരു പഴയ ഡയറി കുറിപ്പ്

മഴ പെയ്തു തോര്‍ന്ന മണ്ണും മനസ്സും ആഹ്ലാദത്തിന്‍റെ ഇളംവെയില്‍ തേടുന്ന സായാഹ്നത്തില്‍  മരങ്ങളുടെ തണലിലേക്ക് നടന്നു ...നിലത്ത് വീണു കിടക്കുന്ന പൂക്കളുടെ ചുവപ്പ് ആകാശത്തിലും വ്യാപിച്ചുവെന്നു തോന്നി ...ചിന്തകള്‍ മനസ്സിലെരിഞ്ഞു തീര്‍ന്നാലും ഇല്ലെങ്കിലും ഈ സായാഹ്നം എരിഞ്ഞു തീരും ...ആവര്‍ത്തനങ്ങള്‍ മൂലം വിരസമായ സംസാരങ്ങള്‍ ഈ നിമിഷം അസഹനീയമായി തീര്‍ന്നിരിക്കുന്നു ..സാന്ത്വനവുമായി അരികില്‍ വന്ന ഇളംകാറ്റിനു പറയുവാന്‍ ഉള്ളത് എന്താണെന്ന് ചോദിക്കാന്‍ മറന്നു ...ഒരു നിമിഷത്തിന്‍റെ ദൈര്‍ഖ്യം പോലുമില്ലാത്ത ചിന്തകള്‍ മനസ്സിലേക്ക് കടന്നു വരുന്നു ...മൗനം ഭയമായി മാറുന്നു ....ഓര്‍മ്മത്താളിലെ അക്ഷരങ്ങള്‍  മാഞ്ഞു പോവാതിരിക്കട്ടെ .....മധ്യാഹ്ന വെയില്‍ തെല്ല് പിണക്കത്തോടെ ചിതറി പോയപ്പോള്‍  ,മഴയുടെ തണുപ്പുണ്ടായിരുന്നിട്ടും നെറ്റിയിലെ ചന്ദനം കുളിര്‍മ നഷ്ടപ്പെട്ട് വരണ്ടു പോയിരുന്നു ..തൊടിയില്‍ നിന്നും കേട്ട് കൊണ്ടിരുന്ന കുയില്‍ പാട്ട് ഇപ്പോള്‍ കേള്‍ക്കുന്നില്ല ...മുറ്റത്ത്‌ അങ്ങിങ്ങ് തത്തി കളിച്ചിരുന്ന കരിയില കിളികളും വണ്ണാത്തി കുരുവികളും പറന്നു പോയിരിക്കുന്നു ...എല്ലാം കൂട്ടിലേക്ക് ചേക്കേറി കഴിഞ്ഞിട്ടുണ്ടാവും ...പക്ഷെ ,ഇപ്പോള്‍ മനസ്സില്‍ വിഷമം ഇല്ല ,ആശ്വാസം  മാത്രമേ ഉള്ളൂ....വിഷാദത്തിന്‍റെ മൂടുപടം നീങ്ങിയിരിക്കുന്നു ....ഈ നിമിഷം എനിക്ക് മാത്രം വേണ്ടിയാകുന്നു ...പകുതി വായിച്ചു തീര്‍ത്ത പുസ്തകത്തില്‍ ഈ പൂവ് അടയാളം വയ്ക്കാം ..പ്രിയപ്പെട്ട വരികളില്‍ സുഗന്ധം നിറയട്ടെ ..പുഴയുടെ തീരത്തേക്ക് പോവാന്‍ തോന്നുന്നു ..കുറച്ചു നേരം അച്ചന്‍കോവില്‍ ആറിന്‍റെ കരയില്‍ ,സ്വച്ഛമായി ,ഇളംകാറ്റ് തരുന്ന സുഖ സ്പര്‍ശം അറിഞ്ഞു ,അങ്ങ് ദൂരെ കാണുന്ന  അസ്തമയത്തിന്‍റെ ഭംഗിയില്‍ മുഴുകാം ...മണ്ണിനു  നല്ല തണുപ്പ് ...കുറച്ചു നേരമായി കയ്യില്‍ ഒരു ഡയറിയും പേനയുമായി ഇരിക്കുന്നു ...എഴുതാന്‍ പോലും ചിലപ്പോള്‍ മറക്കുന്നു ...വെറുതെ ചുറ്റിനും നോക്കി ...മഴ കഴിഞ്ഞതിന്‍റെ കോലാഹലം കാണാനുണ്ട് ..ഇലകളും ചുള്ളികമ്പുകളും ചിതറി കിടക്കുന്നു ..ഇടക്കൊക്കെ കുഞ്ഞു നീര്‍ച്ചാലുകള്‍ ..ഇല്ലത്തിനു ചുറ്റും കാട് പിടിച്ചു തുടങ്ങിയിട്ടുണ്ട് ...സംരക്ഷിക്കാന്‍ ആവാത്ത അവസ്ഥയില്‍ തറവാട് നശിച്ചു ..എട്ടുകെട്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട് ,പിന്നീട് അത് നാലുകെട്ടായി മാറി ....വര്‍ഷങ്ങളോളം ആരും നോക്കാനില്ലാതെ ,ജീര്‍ണിച്ചു ..നാലുകെട്ടിന്‍റെ പഴയ ഓര്‍മ്മകള്‍ പുതുക്കാന്‍ വേണ്ടി മാത്രം ,അസ്ഥിപഞ്ജരം പോലെ തറവാടിന്‍റെ ഒരു ഭാഗം ....തൊട്ടടുത്ത തൊടിയിലേക്ക് നോക്കിയപ്പോള്‍ ഭയം തോന്നുന്നു ...ഏതാനും ദിവസങ്ങള്‍ മുന്‍പ് മാത്രമാണ് അവിടെ പാമ്പുകള്‍ മാറാടുന്നത് കണ്ടത് ....
                                              പാമ്പുകളുടെ കാര്യം ഓര്‍ത്തപ്പോള്‍ ഡയറിയും പേനയും എടുത്തു പതിയെ ഇങ്ങു വന്നതാണ് ...ഇപ്പോള്‍ എന്‍റെ മുറിയിലാണ് ഇരിക്കുന്നത് ...അമ്മയുടെ വാക്കുകള്‍ കടമെടുത്താല്‍ "വന്യ ജീവി സങ്കേതം "....പക്ഷെ  ഇത് എന്‍റെ കുഞ്ഞു ലോകമാണ് ....ഞാനും എന്‍റെ ചില ചിന്തകളും (ഭ്രാന്തന്‍ ?)...കൂട്ട് കൂടുന്ന ചെറിയ ലോകം ...ഇവിടെ ഞാന്‍ മാത്രം ..,ആജ്ഞകളും അനുസരണവുമെല്ലാം ഞാന്‍ തന്നെ .......കുറെ മുന്‍പാണ് ഇവിടെ ഇരുന്നു കരഞ്ഞത് .....ആലോചിച്ചാല്‍ തന്നെ ദേഷ്യം വരുന്നു .....ഓരോ തവണത്തെ കരച്ചില് കഴിയുമ്പോളും  ഇനി കരയില്ല എന്ന തീരുമാനത്തില്‍ എത്തിച്ചേരും ....പക്ഷെ ,പിന്നത്തെ തവണ അത് മറക്കും ,കരയും ....ഇനി ഏതു കാലത്ത് നന്നാവാനാണോ എന്തോ ....താഴെ നിന്നും കുട്ടികളുടെ തിമിര്‍പ്പ് കേള്‍ക്കുന്നു ....അനിയനും കൂട്ടുകാരുമാണ് ...കളിക്കുന്നതിന്‍റെ മേളമാണ് ....സന്ധ്യയായിട്ടും കളിച്ചു തീര്‍ന്നിട്ടില്ല ....അമ്മ വിളിക്കാന്‍ തുടങ്ങിയിട്ട് കുറെ നേരമായി ...മുറി വിട്ടു പുറത്തിറങ്ങാന്‍ മടി തോന്നുന്നു ...അങ്ങിങ്ങ് പുസ്തകങ്ങള്‍ ചിതറി ഇട്ടിരിക്കുന്നു ....കുറച്ചു കടലാസുകള്‍ കീറിയും ചുരുട്ടിയും ഇട്ടിട്ടുണ്ട് ....അതൊക്കെ വാരി കളയണം ...പുതിയ കവിത എഴുതിയതിന്‍റെ  തെളിവുകള്‍ .....പിണക്കം വന്നപ്പോള്‍ കീറി കളഞ്ഞു ...അങ്ങനെ ആ ശ്രാദ്ധം നടന്നു ....പുതിയ കവിത മോക്ഷം നേടി .....ഇപ്പോളാ ഒരു കാര്യം ശ്രദ്ധിച്ചത് ....ശരിയായ തീയതി ഉള്ള താളിലല്ല  ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്നത് ....ആ ,ഇതിപ്പോ എന്‍റെ കാര്യമല്ലേ ...ഇങ്ങനൊക്കെ മതി ..പാലിക്കാത്ത മറ്റൊരു കാര്യം ,പുതു വര്‍ഷത്തില്‍ ഡയറി കയ്യില്‍ തരുമ്പോള്‍ അമ്മ പറഞ്ഞതാണ് ,ഉഴപ്പു മാറ്റി സ്ഥിരമായി എഴുതണം എന്ന് ...ഇന്നേ വരെ ആ വാക്ക് പാലിച്ചിട്ടില്ല ....മിനക്കെട്ടു എഴുതിയപ്പോള്‍ തീയതിയും മാറി എഴുതി .....ഇനിയിപ്പോ ഇങ്ങനെ ആവട്ടെ ...എഴുതിയത് തന്നെ വല്ല്യ കാര്യം ....സ്വഭാവം പോലെ തന്നെ കയ്യക്ഷരവും ....ഭംഗിയില്ലാതെ,അടുക്കും ചിട്ടയും ഇല്ലാതെ ......കണ്ടിട്ട് ഉറുമ്പുകള്‍  നിര തെറ്റി പോവുന്ന പോലെയുണ്ട് ....ആകെ പാടെ ഒരു അവലക്ഷണം ....മം ...ഞാന്‍ സ്വയം ഇങ്ങനൊക്കെ പറയുന്നത് മോശമാണ് ....ആരും നല്ലത് പറയാത്തപ്പോള്‍ ഞാന്‍ കൂടി എന്നെ കുറ്റപ്പെടുത്തുന്നത് നല്ലതല്ല ....എഴുത്ത് നിര്‍ത്താന്‍ സമയമായി ....ഇരുട്ട് നല്ല പോലെ ആയിട്ടുണ്ട് ...കുറെ നേരമായി തനിയെ....ഇനി ശരിയാവില്ല ....അമ്മയ്ക്ക് ദേഷ്യം വരും ....കുളിച്ചില്ല ,പ്രാര്‍ഥിച്ചില്ല ....തല്‍ക്കാലം എഴുതിയത് മതി .....
                                                                             ഇനിയത്തെ എഴുത്ത് ,അടുത്ത പിണക്കമോ കരച്ചിലോ വരുമ്പോള്‍ .....തത്കാലം  നിര്‍ത്തുന്നു.....(ശരിയായോ   അവസാനത്തെ വരികള്‍ ?..)ഓഹ്....ഇതൊക്കെ മതി .......എപ്പോളെങ്കിലും എഴുതാമല്ലോ ...........

                                                     ഇന്ദൂട്ടി .............