Monday, June 25, 2012

വേനലോര്‍മ്മകള്‍ ,മഴയോര്‍മ്മകള്‍

വേനലും മഴയും പ്രകൃതിയില്‍ മാത്രമല്ല ,മനസ്സിലും നിറയുന്നു ...
അവ  പകര്‍ന്നു തരുന്നത്  പല ഭാവങ്ങള്‍ ..നിറങ്ങള്‍...കുഞ്ഞു വേദനകളില്‍ നിന്നും വലിയ സന്തോഷങ്ങളിലേക്കുള്ള പകര്‍ന്നാട്ടം ...
വേനലിലെ വരള്‍ച്ചയില്‍ നിന്നും മഴക്കാലത്തെ പച്ചപ്പിലേക്ക് ..  • വേനലോര്‍മ്മകള്‍ 

1) വേനല്‍ക്കാല സൂര്യന്‍ ,കുറുമ്പ് കാട്ടുന്ന
സഹോദരനെപ്പോലെയാണ് ...
പ്രഭാതങ്ങളില്‍ ,സ്നേഹത്തിന്‍റെ കൈകളാല്‍
തഴുകുന്ന സഹോദരനെപ്പോലെ-
ഇളം കിരണങ്ങളാല്‍ തൊട്ടുരുമ്മും ...
മധ്യാഹ്നസൂര്യന്‍ ,പിണങ്ങി നില്‍ക്കും സോദരനേപ്പോലെ-
തീക്ഷ്ണമായ സാമീപ്യത്താല്‍ വിഷമിപ്പിക്കും...
സായഹ്നത്തില്‍, വിഷാദം കൊണ്ടു തുടുത്ത മുഖമോടെ-
മൃദുകിരണങ്ങളാല്‍ ചുംബനം നല്‍കി
തെല്ലിട മാറി നില്‍ക്കും...
പുതുപുലരിയില്‍ വന്നു -
വീണ്ടും കുറുമ്പ് കാട്ടുവാന്‍ ...


2) വേനലോര്‍മ്മകള്‍ക്ക് വരണ്ടുപോയ  
   മണ്ണിന്‍റെ നിറമാണ്  ...
  മഴയോര്‍മ്മയുടെ പച്ചപ്പിനെ സ്നേഹിക്കുന്ന  
  മനസ്സില്‍ നിറയുന്നത്  വേനലോര്‍മ്മ  ...
  ഇലകള്‍ കൊഴിഞ്ഞ്,മേനിയില്‍ പൂപ്പല്‍ പിടിച്ച  -
  വൃക്ഷങ്ങളിലേക്ക്  ,ശിഖരങ്ങളിലേക്ക്  -
  വിഷാദപൂര്‍വ്വം നോക്കുമ്പോള്‍ 
 വേനലോര്‍മ്മകള്‍ ,കരിയില കള്‍ മണ്ണിനെയെന്നപോല്‍
 മനസ്സിനെ മൂടിവെയ്ക്കും..
  ഒരു കാറ്റുവന്നവയെ  ചലിപ്പിക്കുമ്പോള്‍ 
  സൂര്യനേത്രത്തില്‍ നിന്നൊരു തീക്കനല-
  വയില്‍ പതിക്കും ...
 കരിയിലക്കാറ്റിനു തീപിടിക്കും ... .
  


  • മഴയോര്‍മ്മകള്‍

1) പുലരിയിലെ  ചാറ്റല്‍മഴ കൂട്ടുകാരിയെപ്പോലെ -
  കുസൃതി കാട്ടിയും ,കൊഞ്ചിയും -
 മനസ്സിനെ കീഴടക്കും ..
മഴയ്ക്ക്  ചിലപ്പോള്‍ അമ്മമനസ്സ് ...
വരണ്ട  ചുണ്ടില്‍ വീഴുന്ന മഴത്തുള്ളിക്ക് 
മുലപ്പാലിന്‍റെ  മാധുര്യം ...
ചിലപ്പോളൊക്കെ  അച്ഛനെപ്പോലെ മഴയും-
ഗൌരവ പൂര്‍വ്വം  ഒന്ന് തലോടി -
ക്കടന്നു  പോവും ...
മറ്റു  ചിലപ്പോള്‍ സോദര സ്നേഹ കുറുമ്പ് -
കണ്ണുനീര്‍  കണ്ടാലും ഞാനൊന്നുമറിഞ്ഞില്ലെന്ന-
ഭാവത്തോടെ പെയ്തിറങ്ങി മിഴിനീര്‍ തുടച്ചു നീക്കും ..
പരിഭവത്തോടെ  മാറി നിന്നാലും തൂവാനക്കൈകളാല്‍
ചേര്‍ത്ത്  പിടിക്കും ......
2) മഴനൂലില്‍ കൊരുത്ത പുലര്‍വെയില്‍ മുത്തുകള്‍    
   മനസ്സോടു ചേര്‍ക്കുമ്പോള്‍ -
  മഴമുകിലില്‍ കണ്ടത് 
 കൃഷ്ണരൂപം ...
 മഴപ്പാട്ടിലെങ്ങോ തെളിഞ്ഞും മറഞ്ഞും 
 വനമുരളിയിലെ ദേവഗീതം...
  അമ്മ  ചൊല്ലിത്തരും കൃഷ്ണകഥകള്‍ക്ക് 
  മഴവില്‍ വര്‍ണം....
  കണ്ണനുടച്ച പാല്‍ക്കുടങ്ങളിലെ തുള്ളികള്‍ 
   ഏറ്റുവാങ്ങി പുഴയപ്പോള്‍ 
   കൂടുതല്‍ തിളങ്ങി ..
   കൃഷ്ണകീര്‍ത്തനം കേട്ടു മയങ്ങുമ്പോള്‍ 
   മനസ്സിലും പ്രകൃതിയിലെന്ന പോലെ -
   നിര്‍ത്താതെ മഴപ്പെയ്ത്ത് ....
    

Saturday, June 2, 2012

പാപത്തറ വായിക്കുമ്പോള്‍

സ്വപ്‌നങ്ങള്‍ പലപ്പോഴും എന്നെ തേടിയെത്തുന്നു ...ഉറക്കത്തിന്‍റെയും ഉണര്‍വിന്‍റെയും ഇടക്കുള്ള നിമിഷങ്ങളില്‍ ....ചിലപ്പോള്‍ ഭയപ്പെടുത്തുന്നു,മറ്റു ചിലപ്പോള്‍ നല്ല ഓര്‍മ്മകള്‍ തരുന്നു ...അങ്ങനെ സ്വപ്നം കണ്ടുണര്‍ന്ന  ഒരു രാവില്‍ ....എന്തെങ്കിലും വായിക്കാം എന്ന് കരുതി ..കിട്ടിയത് മലയാളം പാഠപുസ്തകം ,ഗദ്യ സാഹിതി ...അതില്‍ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ച ഒരു കഥയുണ്ട് ...സാറ ജോസഫ്‌ എഴുതിയ 'പാപത്തറ"..വായിക്കുന്തോറും മനസ്സിലെ വിങ്ങലുകള്‍ അടക്കാനാവാതെ വരും ..സമീപ കാലങ്ങളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഭീകരാനുഭവങ്ങളുടെ ഒരു നേര്‍കാഴ്ച ..

                                                                             "ഉഷ്ണത്തിര തള്ളുന്നൊരു പാലക്കാടന്‍ കാറ്റില്‍ ,മഞ്ഞരളിക്കാടുകള്‍ മുടിയഴിച്ചിട്ടാടിയപ്പോള്‍ ,അടിവയറ്റില്‍ ഒരു സ്വപ്നം പോലുടഞ്ഞു തകര്‍ന്ന്, ലക്ഷ്മിക്കുട്ടിക്കു പേറ്റുനോവ് ആരംഭിക്കുന്നു "....കഥ ഇങ്ങനെ തുടങ്ങുന്നു ...ദാരിദ്ര്യം നിറഞ്ഞ ജീവിതം ....പെണ്‍കുട്ടി ഉണ്ടായാല്‍ ശാപം പോലെ കാണുന്ന ആള്‍ക്കാര്‍ ...ലക്ഷ്മിക്കുട്ടി  ഒരു ദു:ഖമാണ് ...പെണ്‍കുഞ്ഞിനെ പ്രസവിച്ചിട്ട് വളര്‍ത്താന്‍ ആവാത്ത നിസ്സഹായത ....അങ്ങനെയുള്ള അമ്മമാരുടെ പ്രതിബിംബം ....ഭര്‍ത്താവും അയാളുടെ അമ്മയും പ്രസവം എടുക്കാന്‍ വരുന്ന സ്ത്രീയും പെണ്‍കുഞ്ഞുങ്ങളെ കൊല്ലാന്‍ മടിക്കാത്തവര്‍ ആകുന്നു ...ഇനിയത്തെ കുഞ്ഞിനെയെങ്കിലും അവള്‍ വളര്‍ത്തിക്കോട്ടെ എന്ന അഭിപ്രായത്തിനു ലക്ഷ്മിക്കുട്ടി യുടെ  അമ്മായി അമ്മക്ക് മറു ചോദ്യമുണ്ട് -കേട്ടിക്കാനുള്ള സ്ത്രീധനം ആരു തരും എന്നചോദ്യം ...
                                                                                                  പെണ്ണിനെ പ്രസവിക്കുന്നത് പെണ്ണിന്‍റെ മാത്രം തെറ്റാകുന്നു ...പട്ടണത്തിലെ പഠിപ്പുള്ള ഡോക്ടര്‍ പറഞ്ഞത്  കുറ്റം ലക്ഷ്മിക്കുട്ടിയുടെ ഭര്‍ത്താവിന്‍റെ മാത്രമാണെന്നാണ് ....പക്ഷെ ലക്ഷ്മിക്കുട്ടി ഗര്‍ഭിണിയാവുമ്പോള്‍ കൊച്ചുനാരയണന്‍റെ  അമ്മ അവളെ "പെണ്ണ് പെറണ കൊടിച്ചി "എന്ന് വിശേഷിപ്പിക്കുന്നു ....ആഭിചാരം ചെയ്യുന്നു ,കുട്ടി ആണാവാന്‍...ഈറ്റില്ലം  തടവറയാണ് അവള്‍ക്ക്...ഭര്‍ത്താവ് കംസനാകുന്നു ...അവളും പ്രാര്‍ഥിക്കുന്നു -കുറുമ്പ ഭഗവതിയോടു -കുഞ്ഞ് ആണാവാന്‍ ,അവള്‍ക്ക് കുഞ്ഞിനെ വേണം ..പ്രസവം എടുക്കാന്‍ വന്ന മുത്തുവേടത്തി പെണ്‍കുഞ്ഞാണെങ്കില്‍ കൊല്ലാന്‍ സഹായിക്കും ...ലക്ഷ്മിക്കുട്ടിയെ പേറ്റ് നോവിലേക്ക് നയിക്കുന്ന അവരുടെ ഉള്ളില്‍ ദയ ഇല്ല .ഉണ്ടാവുന്ന കുഞ്ഞ് പെണ്‍കുട്ടി ആണെങ്കില്‍  മരുന്നരച്ചു കൊടുക്കും ,വിഷമരുന്ന് ,ഇല്ലെങ്കില്‍ അമ്മയുടെ മുലക്കണ്ണ്‍ വിഷം തേച്ചതാക്കും ...കരയുന്ന കുഞ്ഞിനെ വാരിയെടുത്ത് പാലൂട്ടുമ്പോള്‍ കുഞ്ഞി വായില്‍ നിന്നും ചോരയും പതയും ...മരിച്ച കുഞ്ഞിനെ മടിയില്‍ പേറുന്നവള്‍ ലക്ഷ്മിക്കുട്ടി ആവുന്നു ...
                    കഥയിലെ ഓരോ വരിയും മനസ്സില്‍ പതിയും ...എന്തിനു ഇങ്ങനെയൊരു വിവേചനം നമ്മുടെ നാട്ടില്‍ ,എന്തെ ഇത്ര ക്രൂരത ...പെണ്ണെന്നു പറയുന്നത് ഒരു കളിപ്പാവ മാത്രമാണോ ?തോന്നിയ പോലെ കൈകാര്യം ചെയ്യാന്‍?കഥയിലെ അവസ്ഥക്ക് ഇന്നും വലിയ മാറ്റം വന്നിട്ടില്ലല്ലോ?ലക്ഷ്മിക്കുട്ടിയുടെ അനിയത്തി തത്ത മരിച്ചതും സ്ത്രീധനത്തിന്‍റെ പ്രശ്നങ്ങള്‍ മൂലമാണ് ....ലക്ഷ്മിക്കുട്ടിയോട് പ്രസവം എടുക്കാന്‍ വന്ന സ്ത്രീ  പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്-ഇന്നും മുതിര്‍ന്ന സ്ത്രീകള്‍ പെണ്‍കുട്ടികളോട് പറയാറുള്ളത്‌ -"പെണ്ണായിപ്പെറന്നാല്‍ ദൊന്നും കൂടാണ്ട കഴിയില്ല്യാ ലച്മി പെണ്ണേയ്"....പെണ്ണ് സര്‍വംസഹയാകണം എന്നാണല്ലോ പറഞ്ഞു പഠിപ്പിക്കുന്നത് ...ഒപ്പം ചേര്‍ത്ത് വായിക്കേണ്ട ഒരു നിര്‍വചനം കൂടിയുണ്ട് ,മറ്റുള്ളവരുടെ ഇഷ്ടങ്ങല്‍ക്കനുസരിച്ചു ,ആ താളത്തിന് അനുസരിച്ച് ജീവിക്കണം ,സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ മറക്കണം .....കുഞ്ഞുങ്ങള്‍ പലപ്പോഴായി കൊല്ലപ്പെട്ട അമ്മയുടെ അവസ്ഥ മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി ഇങ്ങനെ വിവരിക്കുന്നു ..."ഓണ നിലാവുകളൊക്കെ കറുത്ത് പതയുന്ന ചോരക്കടലായി തുളുമ്പുന്നു .ചോരക്കടല്‍ തിരയടിക്കുമ്പോള്‍ തല തകര്‍ന്നു കുഞ്ഞുങ്ങള്‍ ഒഴുകി വരുന്നു ...തുടുത്ത കുഞ്ഞിതുടകള്‍ക്കിടയിലെ പൊന്നാലില പോലെ പെണ്ണത്തം പേറുന്ന കുഞ്ഞുങ്ങള്‍ ...ലക്ഷ്മിക്കുട്ടി വാരിയെടുക്കുമ്പോള്‍ ,തുടുത്ത കുഞ്ഞിതുടകള്‍ക്കിടയിലെ പൊന്നാലിലകളില്‍ നൂറു നൂറ് മുത്തമിടുമ്പോള്‍....കൈവിരലുകള്‍ക്കിടയിലൂടെ തണുത്ത ചോരക്കട്ടകളായി അലിഞ്ഞൂര്‍ന്നു പോവുന്നു ...."പെണ്‍കുഞ്ഞിനെ തീര്‍ത്തും അവഗണിക്കുന്ന അവസ്ഥ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നു ...എങ്ങനെയെങ്കിലും ഒരു പെണ്‍കുഞ്ഞിനെ വളര്‍ത്തിയാല്‍ അവള്‍ക്കു ചുറ്റും കഴുകന്‍ നോട്ടങ്ങള്‍ കാണും ..കൗമാരകാലത്തിന്‍റെ മായാജാലങ്ങള്‍ തുടങ്ങുമ്പോള്‍ ,കാലത്തിന്‍റെ ചുവപ്പ് രാശി പെണ്ണുടലില്‍ പടര്‍ന്നു അവളെ മുതിര്‍ന്ന പെണ്ണായി ചിത്രീകരിക്കുമ്പോള്‍ മുതല്‍ നിയന്ത്രണം കൂടും ...ഇന്നത്തെ കാലത്ത് പക്ഷെ അങ്ങനെ പോരാ.അമ്മയുടെ ഗര്‍ഭ ജലത്തിന്‍റെ ഇളം ചൂടില്‍ നിന്നും പുറത്തേക്കു വരുമ്പോള്‍ മുതല്‍  അവളെ പറഞ്ഞു പഠിപ്പിക്കണം ,സ്വയം കാത്തു കൊള്ളാന്‍....ചിലപ്പോള്‍ സഹപാഠികളില്‍ നിന്ന്,അയല്‍ക്കാരില്‍ നിന്ന് ,അന്യരായ ആള്‍ക്കാരില്‍ നിന്ന് ,ഇനിയും ചിലപ്പോള്‍ ജന്മം നല്‍കിയവന്‍റെ,സഹോദരന്‍റെ ഒക്കെ നോട്ടങ്ങളില്‍ നിന്ന് ,കൈകളില്‍ നിന്ന്, പെണ്ണത്തം പേറുന്ന സ്വശരീരം കാക്കുവാന്‍ അവളെ പഠിപ്പിക്കണം ...ഭ്രൂണ ഹത്യ ഇന്നും തുടരുന്നില്ലേ ?പെണ്‍കുഞ്ഞുങ്ങളെ ഇന്നും കൊല്ലുന്നില്ലേ ?ശാരീരിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ,അടിമയെ പോലെ ജോലികള്‍ ചെയ്തു തരാനുള്ള ,തോന്നും പോലെ ഉപയോഗിച്ച് വലിച്ചെറിയാന്‍ മാത്രമാണോ സ്ത്രീ ,അവള്‍ ഒരു ബിംബം ,അല്ലെങ്കില്‍ പാവ അല്ലല്ലോ ,ജീവന്‍റെ തുടിപ്പ് അവളിലുമില്ലേ ?
                                    അടുത്ത കാലത്ത് പത്രങ്ങളില്‍ വന്ന വാര്‍ത്ത- "അച്ഛന്‍ മകളെ നിലത്തടിച്ചു കൊന്നു"...കംസന്മാര്‍ ഇന്നും ജീവിക്കുന്നു ...മൃത്യുഞ്ജയം കൈവരിച്ച പിശാചുക്കള്‍ ....കുഞ്ഞിനെ കൊല്ലുന്ന ഭര്‍ത്താവിനെ ഓര്‍ത്തു ലക്ഷ്മിക്കുട്ടി പറയുന്ന വാക്കുകള്‍ -"ഇനിയത്തെ പ്രാവശ്യം കുഞ്ഞി തലച്ചോറ് കൊണ്ട് ഉപ്പേരിയുണ്ടാക്കി തീറ്റിക്കും,കൊന്നാല്‍ പാപം തിന്നാല്‍ തീരുമല്ലോ "....അമ്മയുടെ ഇടനെഞ്ച് തകര്‍ത്തു വരുന്ന വാക്കുകള്‍ ....മനസ്സില്‍ ചലനം തീര്‍ക്കുന്നു ....ഈറ്റില്ലത്തില്‍ കിടന്നു അവള്‍ നിലവിളിക്കുന്നത് പേറ്റുനോവ് സഹിക്കാന്‍ പറ്റാഞ്ഞിട്ടല്ല,നട്ടെല്ലില്‍ കൂടി പായുന്ന വേദന സഹിക്കും ,പക്ഷെ കുഞ്ഞിനെ നഷ്ടമാകുന്ന വേദന -എങ്ങനെ സഹിക്കും?

         ലക്ഷ്മിക്കുട്ടി പേറ്റിച്ചിയോട് അപേക്ഷിക്കുന്ന വാക്കുകള്‍ എല്ലാ പെണ്കുഞ്ഞുങ്ങള്‍ക്കും വേണ്ടിയാണ് -അവരുടെ അമ്മമാര്‍ക്ക് വേണ്ടിയാണ് -"എനിക്കീറ്റ്‌ നോവില്ല ,എന്‍റെ മകളെ ഒളിപ്പിച്ചു കടത്ത്വോ?നിലവറയുടെ വാതില്‍ തകര്‍ത്തു കംസന്‍ എത്തും മുന്‍പ് ,അടുത്ത ഉഷ്ണക്കാറ്റില്‍ മഞ്ഞരളി കാടുകള്‍ ഒന്നായി ഇളകിയാടി തിമിര്‍ക്കും മുന്‍പ്‌ ,ആഭിചാരത്തിന്‍റെ പരുത്ത കൈപ്പത്തിയുമായി കൊച്ചു നാരായണന്‍റെ  അമ്മ പറന്നെത്തും മുന്‍പ്‌ ,ഒരു കൊട്ടയിലാക്കി ,പഴന്തുണികള്‍ക്കിടയില്‍ ഒളിപ്പിച്ചു ,മഞ്ഞരളി കാടുകള്‍ നൂന്നു കടന്ന്,ചാവ്തറക്കും പാപത്തറയ്ക്കും അപ്പുറം വഴി മാറി തരാത്ത പുഴ മുറിച്ചു നീന്തി ,നരിമാന്‍ കുന്നും പുലിമടയും കയറിയിറങ്ങി ......അക്കരെയക്കരെ..... പെണ്ണു പൂക്കണ നാട്ടില്‍ എത്തിച്ചു തര്വോ ?ഈ താലീം മാലേം പൊട്ടിച്ചു തരാം "......ഇവിടെ വായനയുടെ നവ്യാനുഭവം തീരുന്നു ...പക്ഷെ അതിനു ശേഷവും മനസ്സിലെ വിങ്ങല്‍ ബാക്കിയാവുന്നു ....പെണ്‍കുഞ്ഞിനെ ചേര്‍ത്ത് പിടിക്കുന്ന കൈകളില്‍ വാത്സല്യം പടരാതെ മറ്റേതോ ഭാവം പേറുന്ന പിശാചുക്കള്‍ ....കണ്ണുകളില്‍ വാത്സല്യത്തിന്‍റെ നറും നിലാവിന് പകരം മറ്റെന്തൊക്കെയോ ....അച്ഛന്‍റെയും ഏട്ടന്മാരുടെയും കരവലയം ചിലപ്പോള്‍ വാത്സല്യത്തിന്റെ അതിര് കടന്ന് കൊലക്കയര്‍ ആവുന്നു ....അമ്മമാര്‍ മുലപ്പാലിനൊപ്പം പകര്‍ന്നു കൊടുക്കേണ്ട പാഠങ്ങളില്‍ പുതുതായി പലതും ചേര്‍ക്കേണ്ടതുണ്ട് ....സ്വയം സൂക്ഷിക്കുക ,നിന്‍റെ പെണ്ണത്തം നിന്‍റെ ശത്രുവായി മാറും ചിലപ്പോള്‍ ,കരുതിയിരിക്കുക ...

                           ഇങ്ങനെ അപേക്ഷിക്കാം ,പെണ്‍കുഞ്ഞിനു വേണ്ടി ,അവളെ നശിപ്പിക്കുന്ന ക്രൂരതയോട് ......അക്കരെയക്കരെ പെണ്ണ് പൂക്കണ നാട്ടില്‍ എത്തിച്ചു തര്വോ?
                   .
                   . 
                   .
 ഈ താലീം ,മാലേം 
 പൊട്ടിച്ചു തരാം .........................